
പ്രചോദനവും അനുതാപവും ലക്ഷ്യമിട്ട് ‘INSPATHY’ പരിപാടി സംഘടിപ്പിച്ചുകാലിക്കടവ്: പ്രചോദന–കെ. രാഘവൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെയും രമ്യ സാംസ്കാരിക നിലയം–ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ‘INSPATHY’ പരിപാടി കാലിക്കടവ് രമ്യ ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. വിവിധ സേവന മേഖലകളിൽ കഴിവ് തെളിച്ചവരെ ആദരിക്കുകയും പാർശ്വവത്കരിക്കപ്പെട്ടവരെ ചേർത്തു നിർത്താനുള്ള പ്രചോദന ട്രസ്റ്റ് പ്രവർത്തനങ്ങൾ സമൂഹത്തിൽ ദൃശ്യത ഉറപ്പാക്കാനുള്ള വെബ്സൈറ്റിൻ്റെ റിലീസും നടന്നു. പരിപാടിയുടെ ഉദ്ഘാടനവും സ്നേഹാദരവും പ്രഭാഷകനും ഡയറ്റ് റിട്ട. പ്രിൻസിപ്പലുമായ ഡോ. എം. ബാലൻ നിർവഹിച്ചു. വെബ്സൈറ്റ് റീലീസും രഞ്ജിത്ത് ഓരിയുടെ പുതിയ കവിതാ സമാഹാരം ” പ്രണയത്തിൻ്റെ വേദ(ന)പുസ്‌തകം” കവർ റിലീസും പ്രശസ്ത സിനിമാ സംവിധായകൻ സന്തോഷ് പുതുക്കുന്ന് നിർവ്വഹിച്ചു. എം കെ വിജയകുമാർ ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി കെവി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യാനെറ്റ്- അമൃത വിശ്വാപീഠം അധ്യാപക അവാർഡ് ജേതാവ് ഹരിപ്രസാദ് വിവിയെയും, മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട നോർത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് ടീമംഗം ബീന കെ പി യെയും ആദരിച്ചു. തുടർന്ന് പ്രചോദന കാലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ ” ബാലൻ” സിനിമാ സംവാദവും സംഘടിപ്പിച്ചു. സന്തോഷ് പുതുക്കുന്ന് അവതാരകനും രഞ്ജിത്ത് ഓരി മോഡറേറ്ററുമായ സംവാദത്തിൽ സജീവമായ ചർച്ചകളാണ് നടന്നത്.സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരും സാഹിത്യപ്രേമികളും നാട്ടുകാരും പങ്കെടുത്തു.ട്രസ്റ്റംഗം സജയൻ കെ സ്വാഗതവും ലൈബ്രേറിയൻ ബിന്ദു വി നന്ദിയും പറഞ്ഞു. രമ്യ ഫൈൻ ആർട്സ് ജോ. സെക്രട്ടറി സുരേന്ദ്രൻ എം, രാജീവൻ കെപി, ബിന്ദു കെ പി, അജയ്, അതുൽ എന്നിവർ നേതൃത്വം നൽകി.


