പള്ളിക്കര : കാസർഗോഡ് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാ കലോത്സവം സെപ്റ്റംബർ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെൻറ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നുവരികയാണ്. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് കേന്ദ്ര സർവകലാശാല എൻ. ഇ. പി കോഡിനേറ്റർ പ്രൊഫസർ ജോസഫ് കോയിപ്പള്ളി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കാസർകോട് സഹോദയ കോംപ്ലക്സ് പ്രസിഡണ്ട് റവറന്റ് ഫാദർ ജോസ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് സഹോദയ കോംപ്ലക്സ് ട്രഷറർ ജസ്റ്റിൻ ആശംസ പ്രസംഗം നടത്തി. റവറന്റ് ഫാദർ ജോസ് ഉദ്ഘാടകനുള്ള സ്നേഹോപഹാരം കൈമാറി. സെൻറ് മേരിസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബ്രിജിറ്റ് സ്വാഗതവും കാസർഗോഡ് സഹോദയ കോംപ്ലക്സ് സെക്രട്ടറി റവറന്റ് ഫാദർ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ മത്സരങ്ങൾ വേദിയിൽ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 20 സ്കൂളുകളിൽ നിന്നായി ഇരുപത്തി ഒന്നോളം മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരക്കും. കലോത്സവം ശനിയാഴ്ച സമാപിക്കും.

