
ശിശുവികസന പദ്ധതി പോഷണ മാസാചരണം -2026 ഭാഗമായി അജാനൂരിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷക പുലരി പരിപാടി നടന്നു

. മാവുങ്കാൽ : നമ്മുടെ ആരോഗ്യം നമ്മുടെ കയ്യിൽ, പോഷകമായ രാവിലെ ആരോഗ്യമായ നാളെക്കായി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അജാനൂർ ഗ്രാമപഞ്ചായത്തിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോഷൺ മാ പോഷക മാസാചരണം -2026 ന്റെ ഭാഗമായി പോഷക പുലരി പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്തിലെ അംഗണവാടി പ്രവർത്തകർക്കുള്ള മെഡിറ്റേഷൻ പ്രോഗ്രാം, പ്രകൃതി നടത്തം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. ആനന്ദാശ്രമം മഞ്ഞം പൊതികുന്നിന് മുകളിൽ ബുധനാഴ്ച രാവിലെ 7. 30ന് സംഘടിപ്പിച്ച പോഷക പുലരി പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ കെ. ജെ.സായാഹ്ന അധ്യക്ഷത വഹിച്ചു. ഐ. സി.ഡി.എസ് സൂപ്പർവൈസർമാരായ ബി. വി.പ്രസീത ഊർമ്മിള എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ കെ.പ്രതിഭ , യോഗ ഇൻസ്ട്രക്ടർ കെ.വീണ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി .ആരോഗ്യവതിയായ ഒരു അങ്കണവാടി പ്രവർത്തകയ്‌ക്കു മാത്രമേ നാളെയുടെ ഭാവി വാഗ്ദാനങ്ങളായ അങ്കണവാടി കുരുന്നുകളെ ശരിയായ പാതയിൽ വളർത്തിയെടുത്തു കൊണ്ട് ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ എന്നതാണ് ശരീരത്തിന് പോഷണം,മനസ്സിന് ശാന്തി, ജീവിതത്തിന് സന്തുലനം എന്ന ആരോഗ്യ സമവാക്യങ്ങൾ കോർത്തിണക്കിക്കൊണ്ട് പോഷക പുലരി സംഘടിപ്പിക്കാൻ ഐ.സി.ഡി.എസ്സിന് പ്രചോദനമേകിയത്.
