ടി.ബി മുക്ത് ഭാരത് ‘ജോഷ്’ ക്യാമ്പയിന് ജില്ലയിൽ തുടക്കം

വലിയപറമ്പ പഞ്ചായത്തിന് ടി.ബി മുക്ത് പഞ്ചായത്ത് ഗോൾഡ് അംഗീകാരം
കാഞ്ഞങ്ങാട്: ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ടി.ബി മുക്ത് ഭാരത് അഭിയാൻ – JOSH (ജോയിന്റ് സ്ക്വാഡ് ഫോർ ഹെൽത്ത്) പദ്ധതിയുടെ കാസർഗോഡ് ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 8ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.
കാസർഗോഡ് ലോക്സഭാ മണ്ഡലം എം.പി. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. ടി.ബി മുക്ത് പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകളെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ ഘട്ടത്തിലെ മികച്ച ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ‘ടി.ബി മുക്ത് പഞ്ചായത്ത് – ഗോൾഡ്’ അംഗീകാരം ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ എം.ടി., ഡോ. ശ്രീകുമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഡി.എം.ഒ. രേഖ സ്വാഗതം പറഞ്ഞു. ജില്ലാ ടി.ബി ഓഫീസർ ഡോ. സന്തോഷ് കെ. പദ്ധതി വിശദീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് ടി.ബി മുക്ത് പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മാടത്തിൽ നന്ദി രേഖപ്പെടുത്തി.
ജില്ലാ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, ജില്ലാ ടി.ബി ടീം, ടി.ബി വാരിയേഴ്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപകടസാധ്യതയുള്ളവരിൽ കഫപരിശോധന ശക്തമാക്കും
വലിയപറമ്പ പഞ്ചായത്തിൽ സജീവ ടി.ബി രോഗാന്വേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹരോഗികൾ, നീണ്ടുനിൽക്കുന്ന ചുമയുള്ളവർ, കാരണമില്ലാതെ ശരീരഭാരം കുറയുന്നവർ തുടങ്ങിയ ടി.ബി സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ കണ്ടെത്തി, ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഫപരിശോധനയ്ക്ക് വിധേയരാക്കും.
രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കുമ്പോഴും രോഗം നേരത്തെ കണ്ടെത്താൻ സജീവ രോഗാന്വേഷണം സഹായിക്കും. അതിനാൽ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നവർ കഫസാമ്പിൾ പരിശോധനയ്ക്ക് നൽകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
“പരിശോധനയെ ഭയപ്പെടേണ്ട; ആരോഗ്യപ്രവർത്തകരോട് സഹകരിക്കണം” — പ്രസിഡന്റ്
വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ എം.ടി. ജനങ്ങളോട് പരിശോധനയുമായി പൂർണമായി സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
“ആരോഗ്യപ്രവർത്തകർ നിങ്ങളുടെ പ്രദേശങ്ങളിലേക്കും വീടുകളിലേക്കും എത്തുമ്പോൾ പരിശോധനയെ ഭയപ്പെടുകയോ അവരെ അവഗണിക്കുകയോ ചെയ്യരുത്. പ്രത്യേകിച്ച് കഫപരിശോധനയ്ക്ക് ആവശ്യപ്പെടുന്നവർ ആരോഗ്യപ്രവർത്തകരോട് പൂർണമായി സഹകരിക്കണം. നിങ്ങളുടെ കഫസാമ്പിൾ ശേഖരിക്കുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കാനോ ഭയപ്പെടുത്താനോ അല്ല; നിങ്ങളിൽ സജീവ ക്ഷയരോഗമുണ്ടോ എന്ന് കണ്ടെത്തുന്നതിനും രോഗമില്ലെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്,” പ്രസിഡന്റ് പറഞ്ഞു.
“ആരോഗ്യപ്രവർത്തകരെ ഒരിക്കലും അപമാനിക്കുകയോ അവരുടെ പരിശോധനാ നിർദേശങ്ങളെ അവഗണിക്കുകയോ ചെയ്യരുത്. അവർ നമ്മുടെ ആരോഗ്യസംരക്ഷണത്തിനായാണ് വീടുകളിലും പ്രദേശങ്ങളിലും എത്തുന്നത്. പരിശോധനയോട് സഹകരിക്കുന്നത് നമ്മുടെ സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ള ഉത്തരവാദിത്തമാണ്,” അവർ കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർ എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ നൽകുകയും പരിശോധനയ്ക്ക് നിർദേശിക്കുന്നവർ കഫപരിശോധനയ്ക്ക് സഹകരിക്കുകയും വേണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു.

ജനങ്ങളുടെ സഹകരണം നിർണായകം
ടി.ബി മുക്ത് പഞ്ചായത്ത് ഗോൾഡ് അംഗീകാരം നേടിയ വലിയപറമ്പയിൽ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം പഞ്ചായത്തിലെ ഓരോ കുടുംബത്തിന്റെയും സഹകരണം അനിവാര്യമാണ്.
പ്രത്യേകിച്ച് അപകടസാധ്യതയുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് എത്തിക്കുന്നതിലും, രോഗം സ്ഥിരീകരിച്ചാൽ ചികിത്സ കൃത്യമായി പൂർത്തിയാക്കുന്നതിലും പൊതുജനങ്ങൾ സജീവമായി പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
ആരോഗ്യപ്രവർത്തകർ പ്രദേശങ്ങളിൽ എത്തുമ്പോൾ അവരോട് സഹകരിക്കുക, ആവശ്യമായ വിവരങ്ങൾ നൽകുക, നിർദേശിക്കുന്നവർ കഫപരിശോധന നടത്തുക എന്നിവയിലൂടെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങളിൽ ഓരോരുത്തർക്കും പങ്കാളികളാകാം.
ടി.ബി മുക്ത് പഞ്ചായത്ത് ഗോൾഡ് അംഗീകാരത്തിന്റെ തുടർച്ചയായി ജനപങ്കാളിത്തത്തോടെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വലിയപറമ്പ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും.