
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെയാകെ ഉത്സവത്തിമിർപ്പിലാഴ്ത്തി കൊവ്വൽ പള്ളിയിൽ ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നുനാൾ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന് തുടക്കമായി.

സംസ്ഥാനത്തെ പ്രസാധകരുടെ നൂറോളം പുസ്തക സ്റ്റാളുകൾ അണിനിരക്കുന്ന പുസ്തകമേള ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം മുഖ്യാതിഥിയായിരുന്നു. ഫാഷിസത്തിനെതിരെ അക്ഷരപ്രതിരോധം എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പിവികെ പനയാൽ ആമുഖ ഭാഷണം നടത്തി. വായന കളരിയുടെ ഭാഗമായി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൈയെഴുത്ത് മാസികകൾ തയാറാക്കിയ ജില്ലയിലെ 10 ഗ്രന്ഥശാലകൾക്ക് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി ദിലീപ്കുമാർ ഉപഹാരങ്ങൾ സമ്മാനിച്ചു.

സുറാബിൻ്റെ വീട്ടിൽ കയറിയ മഴ എന്ന പുസ്തകവും രാജൻ കൊടക്കാടിൻ്റെ ജീവൻ്റെ വിലയുള്ള കളികൾ എന്ന പുസ്തകവും കവി ദിവാകരൻ വിഷ്ണു മംഗലം പ്രകാശനം ചെയ്തു. എ കെ ശശിധരൻ ഏറ്റുവാങ്ങി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഫൗസിയ ഷെരീഫ്, മഹമൂദ് മുറിയനാവി ,അഡ്വ. പി അപ്പുക്കുട്ടൻ,രവീന്ദ്രൻ കൊടക്കാട്, കെ ദാസപ്പ ഷെട്ടി, എ കരുണാകരൻ, ജോസ് സെബാസ്റ്റ്യൻ, ടി രാജൻ എന്നിവർ സംസാരിച്ചു. എം വി ചെറിയമ്പു , എച്ച് കെ ദാമോദരൻ നഗറിലാണ് പുസ്തകോത്സവം നടക്കുന്നത്. സാംസ്കാരിക പരിപാടികൾ വി ശശി നഗറിലാണ്. പുസ്തകോത്സവം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

