Saturday, November 21, 2026 | Kerala / National / International Edition

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം

By adminfirstdial Published: October 22, 2026 (4 weeks ago) Reading time: 4 min 31 Views
Share WhatsApp Facebook
ADVERTISEMENT

കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം 2026കാഞ്ഞങ്ങാട്:പ്രസിദ്ധരായ പ്രസാധകരില്‍ നിന്നു മാത്രം പുസ്തകങ്ങള്‍ വാങ്ങി ഗ്രന്ഥശാലകളിലേക്ക് എത്തിക്കുന്ന രീതിയില്‍ മാറ്റം വരുത്തി ചെറിയ പ്രസാധകരുടെ വിലപ്പെട്ട പുസ്തകങ്ങള്‍ കൂടി ലഭ്യമാക്കാന്‍ 2000 ത്തില്‍ കൊല്ലം ജില്ലയില്‍ ആരംഭിച്ചതാണ് ആദ്യത്തെ പുസ്തകോത്സവം. തുടര്‍ന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി നേതൃത്വം നല്‍കുന്ന പുസ്തകോത്സവങ്ങള്‍ എല്ലാ ജില്ലകളിലും നടത്താന്‍ തുടങ്ങി. കാസര്‍കോട് ജില്ലയില്‍ 2008 ല്‍ പാലക്കുന്നിലാണ് ഇതിന്റെ തുടക്കം. 2025 ല്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു പുസ്തകോത്സവം.പുസ്തകോത്സവം നടത്താന്‍ മതിയായ സൗകര്യമില്ലാത്ത കാസര്‍കോട് പോലുള്ള ചുരുക്കം ജില്ലകളില്‍ പന്തലിടാനും സ്റ്റാളുകള്‍ ഒരുക്കാനും ഭാരിച്ച ചെലവാണ് വേണ്ടിവരുന്നത്. എങ്കിലും കഴിവിന്റെ പരമാവധി, പുസ്തകക്കച്ചവടം എന്നതിനപ്പുറം പ്രേക്ഷകരുമായി ഹൃദ്യമായ സാംസ്‌കാരികവും കലാപരവുമായ സംവാദത്തിനുള്ള അവസരമാക്കി മേളയെ പ്രയോജനപ്പെടുത്താന്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ എക്കാലവും ശ്രമിച്ചു പോന്നിട്ടുണ്ട്. ജ്ഞാനപീഠം പുരസ്‌കാരം നേടിയ എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പടെ ലബ്ധപ്രതിഷ്ഠരായ ഒട്ടുമിക്ക എഴുത്തുകാരും ഇവിടത്തെ പുസ്തകോത്സവത്തിലെത്തിയിട്ടുണ്ട്. അഖിലേന്ത്യ നാടകോത്സവവും തെന്നിന്ത്യന്‍ സാഹിത്യോത്സവവും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2026 ലെ പുസ്തകോത്സവം കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള കൊവ്വല്‍പള്ളി റോഡരികില്‍ ഒഴിഞ്ഞ സ്ഥലത്ത് പന്തലിട്ടു കൊണ്ട് എം വി ചെറിയമ്പു മാസ്റ്ററുടെയും എച്ച് കെ ദാമോദരന്റെയും പേരിലുള്ള നഗരിയില്‍ ഒക്ടോബര്‍ 23, 24, 25 തീയതികളിലാണ് നടത്തുന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ അദ്ധ്യക്ഷതയില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പിൽ എം എൽ എ ആണ് 23 ന് രാവിലെ 10.30 ന് മേള ഉദ്ഘാടനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം മുഖ്യാതിഥിയായിരിക്കും. ‘ഫാഷിസത്തിനെതിരെ അക്ഷര പ്രതിരോധം’ എന്ന വിഷയത്തില്‍’ കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. കവി ദിവാകരന്‍ വിഷ്ണുമംഗലം പുസ്തകപ്രകാശനം നടത്തും. മികച്ച കയ്യെഴുത്തു മാസികകളൊരുക്കിയ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ പി ദിലീപ് കുമാര്‍ അനുമോദിക്കും. അന്ന് വൈകുന്നേരം അഞ്ച് മണിക്ക് വി ശശി അനുസ്മരണം നടക്കും. ഇ പി രാജഗോപാലന്‍ തുടങ്ങി കാസര്‍കോടന്‍ നാടകരംഗത്ത് ശശിക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരന്മാര്‍ നാടകാനുഭവങ്ങള്‍ പങ്കുവെക്കും. തുടര്‍ന്ന് 6.30 ന് തീയേറ്റര്‍ ബാവുല്‍ അവതരിപ്പിക്കുന്ന ‘മാഹേന്ദ്രം’ നാടകം.24 ന് രാവിലെ, ഒന്നാം ലൈബ്രറി കൗണ്‍സില്‍ കാലയളവില്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം വി ചെറിയമ്പു മാസ്റ്ററുടെ അനുസ്മരണവും സെമിനാറും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോ: സെക്രട്ടറി മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. പി അപ്പുക്കുട്ടന്‍ അധ്യക്ഷനായിരിക്കും. വൈകുന്നേരം നാല് മണിക്ക് എസ് ജാനകി അനുസ്മരണം. എസ് ജാനകിയുടെ, മനസ്സു കുളിര്‍പ്പിക്കുന്ന സംഗീതത്തിന്റെ മാന്ത്രിക ലോകത്തിലൂടെ ഒരു കൂട്ടം ഗായകര്‍. സി എം വിനയചന്ദ്രന്‍ സംസാരിക്കും. ഗാനസംയോജനവും വിലയിരുത്തലും നിരഞ്ജിനി ജയരാജ്. വൈകുന്നേരം 6 മണിക്ക് ബാലകാണ്ഡം- ബാലവേദി കുട്ടികളുടെ കലാപരിപാടികള്‍. കവി നാലപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.25 ന് ഞായര്‍ 2 മണിക്ക് സമാപന സമ്മേളനത്തോടു കൂടി പുസ്തകോത്സവത്തിന്റെ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് തിരശ്ശീല വീഴും. 57 പ്രസാധകരുടെ 90പുസ്തക സ്റ്റാളുകൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണിവരെ പ്രവർത്തിക്കും. ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും പുസ്തകങ്ങൾ വാങ്ങുമ്പോൾ 35 ശതമാനം വിലക്കിഴിവ് അനുവദിക്കും. പൊതു ജനങ്ങൾക്കും ആകർഷകമായ വിലക്കിഴിവോടെ ഇവിടെ നിന്നും പുസ്തകങ്ങൾ വാങ്ങിക്കാൻ സാധിക്കും.മാധ്യമ സുഹൃത്തുക്കളുടെ സഹകരണം മുന്‍കാലങ്ങളില്‍ എന്നപോലെ ഇത്തവണയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മാധ്യമ സമ്മേളനത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. പി പ്രഭാകരൻ, ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും വർക്കിംഗ് ചെയർമാനുമായ പി ദിലീപ് കുമാർ, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർപി വി കെ പനയാല്‍,അഡ്വ. പി അപ്പുക്കുട്ടൻ, ടി രാജൻ, സുനിൽ പട്ടേന ,കെ ബാലകൃഷ്ണൻ, പപ്പൻ കുട്ടമത്ത്, സുനീഷ് കക്കാട്ടി, സി വി വിജയരാജ്എന്നിവർ പങ്കെടുത്തു.

ADVERTISEMENT