
മാവിലാകടപ്പുറം: ക്ഷയരോഗമുക്ത വലിയപറമ്പ എന്ന ലക്ഷ്യത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്നതിന്റെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെയും മാവിലാകടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യപരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി. എക്സ്റേ പരിശോധന, കഫസാമ്പിൾ ശേഖരണം, രക്തസാമ്പിൾ ശേഖരണം എന്നിവ ഉൾപ്പെടുത്തിയ ക്യാമ്പിലൂടെ നൂറോളം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിനായി മുൻകൂട്ടി ജനകീയ ആരോഗ്യ സമിതി (JAS), കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ പ്രത്യേക യോഗങ്ങൾ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ലക്ഷ്യങ്ങൾ, പരിശോധനകളുടെ പ്രാധാന്യം, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തൽ, ജനപങ്കാളിത്തം ഉറപ്പാക്കൽ എന്നിവ സംബന്ധിച്ച് യോഗങ്ങളിൽ ചർച്ച നടത്തി. ഈ മുന്നൊരുക്കങ്ങളും കൂട്ടായ പ്രവർത്തനങ്ങളുമാണ് ക്യാമ്പിന്റെ വിജയത്തിന് അടിത്തറയായത്.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബുഷ്റ എം. ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, സജീവ ക്ഷയരോഗ കണ്ടെത്തൽ പ്രവർത്തനങ്ങളിലൂടെ (Active Case Finding) ക്ഷയരോഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും രോഗികളെ നേരത്തേ കണ്ടെത്തി സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുമെന്നും അവർ പ്രഖ്യാപിച്ചു. വലിയപറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മനോജ് പി. പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാവിലാകടപ്പുറം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശാരദ ചടങ്ങിൽ സ്വാഗതം പറഞ്ഞു . ജില്ലാ മലേറിയ ഓഫീസർ കെ വി ഗിരീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് വിവിധ പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തെയും സജീവ ജനപങ്കാളിത്തത്തെയും അഭിനന്ദിച്ചു. ആരോഗ്യസംരക്ഷണത്തിനായി എല്ലാവരും നടത്തിയ കഠിനാധ്വാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശുകൂർ ഹാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശരീഫ ബി. എസ്., വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു, ഒന്നാം വാർഡ് മെമ്പർ ശ്രീമതി മറിയമ്പി, 7-ാം വാർഡ് മെമ്പർ ശ്രീമതി മല്ലിക, 13-ാം വാർഡ് മെമ്പർ ശ്രീ ഖാദർ എം.കെ.എം. എന്നിവർ സംസാരിച്ചു. ഡോ. മുബാറക്ക് ആശംസാപ്രസംഗത്തിൽ സജീവ രോഗകണ്ടെത്തലും സമയബന്ധിത ചികിത്സയും ജനകീയ പങ്കാളിത്തവും ഉറപ്പാക്കി ക്ഷയരോഗമുക്ത വലിയപറമ്പ എന്ന ലക്ഷ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.ക്യാമ്പിന്റെ ഭാഗമായി 60 കഫസാമ്പിളുകൾ ശേഖരിക്കുകയും 43 പേർക്ക് എക്സ്റേ പരിശോധന നടത്തുകയും ചെയ്തു. വിവിധ പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനാവശ്യമായ പരിശോധനകളും സംഘടിപ്പിച്ചു. 60 വയസ്സിനു മുകളിലുള്ളവർ, പ്രമേഹരോഗികൾ, പുകവലിക്കുന്നവർ, മദ്യപിക്കുന്നവർ, മറ്റ് ആരോഗ്യപരമായ അപകടസാധ്യതയുള്ളവർ എന്നിവരെ പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് പരിശോധനാ സേവനങ്ങൾ ലഭ്യമാക്കിയത്. PHN ശ്രീജ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡോ. ജംസീൽ, വിവേക്, JPHN ശ്രീജ, ഷീന, രജില, MLSP കീർത്തി, ലാബ് ടെക്നീഷ്യൻ ജിഷ, ഡാറ്റ മാനേജർ, ഗീതു എസ് നായർ( ഡാറ്റാ മാനേജർ, റേഡിയോഗ്രാഫർ ധന്യ, ആതിര, ICTC കൗൺസിലോർ സ്നേഹ എം,ICTC LAB ടെക്നിഷ്യൻ ശരണ്യ സി , ആശാ പ്രവർത്തകർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. JAS, ADS, CDS, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, വിവിധ ക്ലബ്ബുകൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ സഹകരണവും ക്യാമ്പിന് കരുത്തായി. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ലെനിഷ നന്ദിപ്രസംഗം നടത്തി. മുന്നൊരുക്കം, കൂട്ടായ പ്രവർത്തനം, സജീവ രോഗകണ്ടെത്തൽ, സമയബന്ധിത ചികിത്സ — ക്ഷയരോഗമുക്ത വലിയപറമ്പയ്ക്കായി ഒരുമിച്ച് മുന്നേറാം.
