
തങ്കമണി കണ്ണൻ ഐങ്കൂറന്റെ കവിതാ സമാഹാരം ‘ഏകാകിനി ‘പ്രകാശനം നടന്നു. കവി മാധവൻ പുറച്ചേരി പ്രകാശന കർമ്മം നിർവഹിച്ചു.

നീലേശ്വരം: അധ്യാപികയും കവയിത്രിയുമായ തങ്കമണി കണ്ണൻ ഐങ്കൂറന്റെ രണ്ടാമത് കവിത സമാഹരമായ ‘ഏകാകിനി’ യുടെ പ്രകാശന ചടങ്ങ് നടന്നു. കാഞ്ഞങ്ങാട് പത്മശ്രീ പുസ്തക ശാല പ്രസിദ്ധീകരിച്ച ഏകാകിനിയുടെ പ്രകാശനം നീലേശ്വരം പള്ളിക്കരയിലെ ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവി മാധവൻ പുറച്ചേരി നിർവഹിച്ചു. ഡിവൈൻ പ്രൊവിഡൻസ് ആൻഡ് സുപ്പീരിയർ ഓഫ് സെന്റ് ആൻസ് കോൺവെന്റ് മാനേജർ റവറന്റ് സിസ്റ്റർ ആനി മാത്യു പുസ്തകം ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ കൗൺസിലർ കെ. പി. സതീശൻ അധ്യക്ഷത വഹിച്ചു.പത്മശ്രീ പുസ്തകശാല ചെയർമാനും കവിയുമായ നാലപ്പാടം പത്മനാഭൻ പുസ്തക പരിചയം നടത്തി. നിരൂപകൻ എം. കെ.ഗോപകുമാർ, കവി വേണുഗോപാൽ, ചുണ്ണംകുളം,ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ കെ.വത്സ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി രമേശൻ ബങ്കളം, നോവലിസ്റ്റ് സിജി രാജൻ എന്നിവർ സംസാരിച്ചു. കവയിത്രി തങ്കമണി കണ്ണൻ ഐങ്കൂറൻ മറുമൊഴി ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സൗമ്യ മോഹൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സൗമ്യ വിനോദ് നന്ദിയും പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിൽ വച്ച് കവയിത്രി തങ്കമണി കണ്ണൻ ഐങ്കൂറനെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അനുമോദിക്കുന്ന ചടങ്ങും നടന്നു.

